മാന്നാനം: ഓക്സ്ഫോര്‍ഡ് സിറ്റി ഇന്‍ഡക്സ് പ്രകാരം ഇന്ത്യയില്‍ താമസിക്കാന്‍ ഏറ്റവും അനുയോജ്യമായ നഗരമായി കോട്ടയം തെരഞ്ഞെടുക്കപ്പെട്ടതില്‍ മാന്നാനം കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം (കെ.ഇ) സ്കൂള്‍ ജില്ലാ കളക്ടര്‍ ചേതന്‍ മീണയെ നേരില്‍ കണ്ടു അഭിനന്ദനമറിയിച്ചു.
പ്രിന്‍സിപ്പല്‍ ഫാ. ഡോ. കുര്യന് ചാലങ്ങാടി സിഎംഐയുടെ നേതൃത്വത്തില്‍ അധ്യാപകരും വിദ്യാര്‍ഥികളും കളക്ടറേറ്റിലെത്തിയാണ് ചേതന്‍കുമാര്‍ മീണയെ കണ്ടത്. ദേശീയതലത്തില്‍ ലഭിച്ച ഈ അംഗീകാരം കോട്ടയത്തിന് അഭിമാനകരമാണെന്നും വികസനപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന ജില്ലാ ഭരണകൂടത്തെ അഭിനന്ദിക്കുന്നെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. തുടര്‍ന്ന് വിദ്യാര്‍ഥികളുമായി സംവദിച്ച കളക്ടര്‍, അവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയും കോട്ടയത്തിന്റെ വികസനം, വിദ്യാഭ്യാസം, ഭാവി ലക്ഷ്യങ്ങള്‍ എന്നിവയെക്കുറിച്ചു സംസാരിക്കുകയും ചെയ്തു.